വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് ,ഉസ്മാനിക്കയുടെ വിട് അന്വേഷിച്ചു വന്നവരോട് ഗോപാലന് പറഞ്ഞ മറുപടിയാണിത്. താടി വച്ച് മൌലവിയെ പൊലെ തോന്നിക്കുന്നയാള്‍ ഗോപാലനോട് നന്ദിയും പറഞ്ഞു. വണ്ടിയുടെ ബാക്ക് സീറ്റില്‍ ഇരുന്ന മക്കന ഇട്ട പെണ്‍കുട്ടി പുഴുപ്പല്ല് കാട്ടി ചിരിക്കുകയും ചെയ്തു. വണ്ടി ദൂരെ മറയുന്നത് വരെ അത് നോക്കി നിന്നു സന്തോഷത്തോടെ ഗോപാലന് മടങ്ങി. പക്ഷെ ഗോപാലന്റെ സന്തോഷം മൌലവി നന്ദി പറഞ്ഞതിലോ, ആ കുട്ടി പുഴുപ്പല്ല് കാട്ടി ചിരിച്ചതിലോ ആയിരുന്നില്ല. വണ്ടിക്കാരനെ വഴി തെറ്റിച്ചു വിട്ടതില്‍ ആയിരുന്നു...! ഗോപാലന് ഇങ്ങനെയാണ് പെരുമാറുക , മേത്തന്മാരോട് മാത്രമാണ് ഇത്.ഗോപാലന് ഒരു മുസ്ലിം വിരോധി ആണ്. കാരണം എന്താണെന്നു ചോദിച്ചാ പറയുന്നത് ചെറുപ്പത്തില്‍ നടന്ന ഒരു സംഭവം ആണ്. എഴാം ക്ളാസ്സില്‍ പഠിക്കുന്ന കാലം... പാല് വാങ്ങി വരുന്ന സമയത്ത് മദ്രസ്സയില്‍ പോയി വരുന്ന കുട്ടികള്‍ ഗോപാലനെ പാടത്തേക്കു തള്ളിയിട്ടു. അതില്‍ ഒരുത്തന് മച്ചിങ്ങ വച്ച് തലക്കിട്ടു ഒരു ഏറും കൊടുത്തു. ചെളിയില്‍ പൂണ്ടു പൊന്തി വന്ന അവനെ നോക്കി കുട്ടികള്‍ കൈ കൊട്ടി ചിരിക്കുകയും ചെയ്തു. അന്ന് തുടങ്ങിയ വിരോധം ആണ് ! എന്നാലും നാട്ടുകാര്‍ അവനെ ഒറ്റപ്പെടുത്തിയില്ല, കാരണം അവന്റെ അച്ഛന് ഒരു നല്ല മനുഷന് ആയിരുന്നു. ഒരു കമ്മ്യൂണിസ്റ്റ്കാരന്, ദേവി വിലാസം നാരായണന് , എല്ലാവര്ക്കും ഉപകാരിയാണ് . മദ്യത്തില്‍ നിന്നും മറ്റു ലഹരി വസ്തുക്കളില്‍ നിന്നും യുവാക്കളെ പിന്തിരിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഗോപാലനും യാതൊരു ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്നില്ല.ഗോപാലന്റെ അച്ഛന് പറയുന്നത് "ഈ ഹിന്ദുക്കള്‍, പ്രത്യേകിച്ചും യുവാക്കള്‍ മടിയന്മാരാണ്. 108 ഉപനിഷത്തുക്കള്‍ ഉണ്ട് .നാലു വേദങ്ങളും. അതിലൊരെണ്ണം വായിക്കുവാനോ, പഠിക്കുവാനോ ഒന്നിനും മനസ്സില്ല. മറ്റു മതങ്ങളെ കുറ്റം പറയാന്‍ സമയം ഉണ്ട്,.എന്റെ മോനെ പൊലെ"
ഗോപാലന്റെ ഈ വിരോധം നാട്ടുകാര്‍ ഒരസുഖമായി കണ്ടു... ആദ്യം മനസ്സിനെ ബാധിക്കും, പിന്നെ കണ്ണുകളിലേക്കു .. നാവിലേക്ക്... അവസാനം രക്തത്തിലേക്കും..ഗോപാലന് ഒരു തയ്യല്‍ജോലിക്കാരന്‍ ആയിരുന്നു. മേത്തന്മാരുടെ തുണി കിട്ടിയാല്‍ താമസിച്ചേ കൊടുക്കുകയുള്ളൂ... അമ്പലത്തിനു അടുത്ത് ചായക്കട നടത്തിയിരുന്നത് മീരാന്കുട്ടി എന്നാ മുസല്മാന് ആയിരുന്നു. അയാളെ അവിടുന്ന് ഓടിക്കാന്‍ കിണറ്റില്‍ നന്ജു കലക്കി! റേഷന്‍ കടക്കാരനു 'വസീം ആക്രത്തിന്റെ' മുഖച്ഹായ എന്നും പറഞ്ഞു അവിടെ പോകാറുമില്ല ഈ വിദ്വാന് !
അമ്പലത്തില്‍ പോവുകയാണ് ഗോപാലന് , കൈയില്‍ പാല്‍പ്പായസം കഴിപ്പിക്കാനായി പാല് പാത്രം കൈയ്യിലുണ്ട്. മനസ്സില്‍ വിഷവും ! പാല്‍പ്പായസവും ഒരു ആഖോര മന്ത്രപുഷ്പ്പാന്ജലിയും ഭഗവാനു നേദിച്ചു. അല്പം കൂടി വിശ്വാസിയായി പുറത്തിറങ്ങി... ശങ്കരന് നായരുടെ കടയില്‍ നിന്നും ചായ കുടിച്ചു. പേരിന്റെ കൂടെ വാല് ചേര്‍ക്കുന്നത് ഗോപാലന് ഇഷ്ട്ടമായിരുന്നു, പക്ഷെ ഗോപാലന് അത് കിട്ടിയില്ല, കാരണം അച്ഛന് കമ്മ്യൂണിസ്റ്റ് ആണല്ലോ.. മനുഷനെ തിരിച്ചറിയാന്‍ ഒരു പേര് മതി, അതിനു വാല് വേണമോ! വാല് ചേര്ത്തിടുന്നവര് ജാതി ഭ്രാന്തന്മാരാണ്.. ഏതോ കപട ലോകത്ത് ജിവിക്കുന്നവര്‍.നായരുടെ ചായ കുടിച്ചു ഗോപാലന് തയ്യല്‍ കടയിലേക്ക് നടന്നു... അല്പം നടന്നപ്പോള്‍ നായരുടെ പശുവിനെ റോഡരികില്‍ കെട്ടിയിരിക്കുന്നത് കണ്ടു. ആ ഭാഗത്തെ പുല്ലു തീര്‍ന്നിരിക്കുന്നു. അത് കണ്ടപ്പോ ഗോപാലന് വിഷമമായി. പശു നായരാണല്ലോ..` അതിനെ മാറ്റി കെട്ടാന്‍ തിരുമാനിച്ചു കയറില്‍ പിടിച്ചപ്പോള്‍ നായരുപശു ഒറ്റ ചവിട്ട്. പശുവിനറിയില്ലല്ലോ ഗോപാലന് നായരാന്ന്... ! റോഡിലേക്ക് തെറിച്ച ഗോപാലനെ, അതിലെ വന്ന ടിപ്പര്‍ ലോറി അവിടുന്നും തെറിപ്പിച്ചു. ചോരയില്‍ കുളിച്ചു കിടന്ന ഗോപാലനെ എല്ലാവരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രി വരാന്തയില്‍ നിരവധി പേരുണ്ടായിരുന്നു.. എല്ലാവര്ക്കും ഒരേ ഭാവം, ഒരേ മുഖച്ഹായ, ശോകത്തിന്റെ.... വെളുത്ത വസ്ത്രവും, കറുത്ത മനസ്സും ഉള്ള നേഴ്സുമ്മാര്‍ ഓടി നടക്കുന്നുണ്ട്. ഒരു പോളിസി എജെന്റ് ആള്‍ക്കാരെ വശത്താക്കാന്‍ നടക്കുന്നുണ്ട്. കാവി ധരിച്ചു സന്യാസിയെ പൊലെ തോന്നുന്ന ആള് പറയുന്നു, "എനിക്ക് പോളിസി ഒന്നും വേണ്ട, കാരണം സ്ത്രീകളുമായി എനിക്ക് ബന്ധമില്ലല്ലോ.."
"ഗോപാലന് o+ve രക്തം ആവശ്യമുണ്ട്" വെളുത്ത മുഖവുമായി വന്ന നേഴ്സ് അലറി... കൂടി നില്ക്കുന്നവരില് ബീരാന് കുട്ടിയുടെ ചോര അതായിരുന്നു, ബീരാന് ഒരു മടിയും കുടാതെ ചോര കൊടുത്തു... മൂന്നു ദിവസം കഴിഞ്ഞാണ് ഗോപാലന് ബോധം തെളിഞ്ഞത്. അപ്പൊ ഗോപാലന് വിളിച്ചത് 'ന്റെ റബ്ബേ..' എന്നായിരുന്നു... കേട്ടുനിന്നവര്‍ അതിശയിച്ചു."ഞാന്‍ മൂന്നു ദിവസം പൊന്നാനിക്കു പോയതായിരുന്നു... യുസഫ് മുസ്ലിയാരുടെ അടുത്ത്. എല്ലാ ദിക്കരുകളും പഠിച്ചു."" ല ഇലാഹ ഇല്ല ള്ള മുഹമ്മദ് റസൂല്‍ ള്ളാ..
പൊന്നാനിയിലെ മുസലിയാര്‍ മത പണ്ഡിതനായിരുന്നു. അദ്ദേഹം മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു... അതറിഞ്ഞു എല്ലാവരും അതിശയിച്ചു. ആസ്പത്രി വിട്ട ഗോപാലന് മുസ്ലിങ്ങളെ പോലെയാണ് പെരുമാറിയത്. ഇടത്തോട്ട് മുണ്ട് ഉടുക്കുക, വുളു എടുക്കുക, നിസ്ക്കരിക്കുക, മാത്രമല്ല നേരത്തെ ദ്രോഹിച്ച ആളുകളെ കാണുമ്പോള്‍ ക്ഷമ പറയുകയും അവര്‍ക്കായി സല്‍ക്കാരങ്ങള്‍ നടത്തുകയും ചെയ്തു! എന്നിട്ട് അവരോടു പറയും, "ഗീതയും ബൈബിളും ഖുറാനും ഓക്കെ ഈശ്വരന് നമുക്ക് വേണ്ടി ഇറക്കിയതാ.. അതില്‍ ഏറ്റവും ആവസാനം ഇറക്കിയത് ഖുറാനാ, അതുകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് അറിഞ്ഞിരിക്കേണ്ട നീതി നിയമങ്ങള്‍ അതിലുണ്ട്." എന്ന് !
ഗോപാലന് പിന്നെ ഇസ്ലാം സ്വീകരിച്ചു. ഹജ്ജ് കര്‍മ്മവും നടത്തി. അങ്ങനെ ഗോപാലന് , ഹാജി ആയി... മുസ്ലീം ആയി എങ്കിലും അദ്ധേഹത്തെ 'ഗോപാലന് ഹാജി' എന്നേ നാട്ടുകാര്‍ വിളിച്ചുള്ളൂ... പിന്നീടു അയാള്‍ നാട്ടുകാര്‍ക്ക് നല്ല കാര്യങ്ങളെ ചെയ്തുളൂ...
...... ................ ................. .......... ............"ഒന്ന് കാണാനൊക്കുമോ?" ജുമൈലത്ത് ചോദിച്ചു "ദാ അവിടെ ആവരുടെ ഒപ്പം ഇരുന്നോ" വരാന്തയിലേക്ക് കൈ ചുണ്ടി കാര്യക്കാരന്‍ എന്ന് തോന്നിക്കുന്ന ഒരു വയസന് പറഞ്ഞു. വരാന്തയില്മൂന്നുനിരയായി ഇട്ടിരുന്ന കസേരകളില്‍ രണ്ടോ മൂന്നോ എണ്ണമേ ഒഴിവുണ്ടായിരുന്നുള്ളു. അതില്ജുമൈലത്ത് കുട്ടിയുമായി ഇരുന്നു. "എന്നാ പറ്റി?" അടുത്തിരുന്ന മക്കന ഇട്ട ഇത്ത ചോദിച്ചു. "പൊള്ളുന്ന പനിയാ.. രാത്രി ഞെട്ടുകയും ചെയ്യും.. പേടിക്കണ്ട, ഹാജി ഒന്ന് തൊട്ടു ഉഴിഞ്ഞാല്‍ മതി, അപ്പൊ മാറിക്കൊള്ളും ഏതു ആസുഖവും ..."
അവള് സമാധാനിച്ചുകൊണ്ട് ഉമ്മറത്തെ നെയിം ബോഡ് നോക്കി ...
'ഗോപാലന് ഹാജി
ദേവി വിലാസം വീട്'