ബാങ്കിലെ കാഷ് കൌണ്ടറിൽ രണ്ടുപേർ ഇന്ന് ലീവാണ്. അതിനാൽ ലീനയുടെ കൌണ്ടറിൽ നല്ല തിരക്കാണ്. രണ്ടു ദിവസം കൂടി ഈ തിരക്കുണ്ടാകും.
കസേരയുടെ മൂലയിലിരുന്ന മൂട്ട, ചോരകുടി തുടങ്ങിയിരിക്കുന്നു. പുറത്തുനില്‍ക്കുന്ന ചില ആണോന്തുകൾ തന്റെ മുഖത്തെ ചോരയും കുടിക്കുന്നുണ്ട്. രാവിലെ തേച്ച ഫെയർനസ്സ് ക്രീം ഇവർ വടിച്ചെടുക്കുമെന്നു തോന്നുന്നു. തന്റെ മുഖം ചോര നഷ്ടപ്പെട്ട് വിക്രിതമായിപ്പോകുമോ......ചോരകുടിക്ക് ഏതെങ്കിലും ചാനൽ റിയാലിറ്റി ഷോ നടത്തിയാൽ ഫ്ലാറ്റും കാറും ഇവർക്ക് തന്നെ. തന്റെ ഇടത്തെ കവിളിലെ മറുകിലേക്ക് ശ്രദ്ധിച്ചു നോക്കുന്നുണ്ട്. രമേശേട്ടനും വലിയ ഇഷ്ടമാണ് ഈ മറുക്. വിവാഹം കഴിഞ്ഞ ആദ്യ രാവുകളിൽ ഈ മറുകിനെ രണ്ടോ മൂന്നോ തവണ ഉമ്മ വച്ചിട്ടേ ഉറങ്ങാറുള്ളൂ. എന്റെ ശാലുമോള്‍ക്കും ഈ മറുക് കിട്ടിയിട്ടുണ്ട്. അവള് നാലാം ക്ലാസിലാ. ഇപ്പോ ഈ തവണത്തെ സ്കൂൾ ഫെസ്റ്റിനു പാടാൻ പാട്ടു പഠിച്ചു കൊണ്ടിരിക്കുകയാണ്. സ്കൂളിൽ ഞാൻ തന്നെ ചെല്ലണം ഇല്ലേ അവളു കരയും..അതാണു പതിവും...ഒരു കുട്ടിയെ വളർത്താൻ ഇപ്പൊ ഒക്കെ എന്താ ചിലവ്. ലോണ്‍ വരെ എടുക്കണം. വിടിന്റെ ലോൺ ഇതു വരെയും അടച്ചു വീട്ടിയിട്ടില്ല. അപ്പുറത്തെ വീട്ടിലെ വക്കീലേച്ചി പറയുന്നത് അധികം പണം ഉണ്ടാക്കിയില്ലെങ്കിലും അത്യാവശ്യ സൌകര്യങ്ങളുമായി ജീവിക്കണമെന്നാണ്.
മനുഷ്യനെപ്പോലെ ക്ലോക്കിലെ സൂചികൾ മത്സരിച്ചോടുന്നുണ്ട്. അവർ പരസ്പരം ചീത്ത വിളിക്കുന്നുണ്ട്. ടക് ടക് ശബ്ദം മാത്രം പുറത്തുകേൾക്കാം. കുറച്ചു കഴിയുമ്പോള്‍ മണിക്കൂര്‍ സൂചി ഇടപെടും. അപ്പൊ കൂട്ട തല്ലായിരിക്കും. മനുഷ്യരും ഇങ്ങനെയാണ്. ഒരൊ മാസം കൂടുമ്പോഴും ഹർത്താലെന്നൊ ബന്ദെന്നോ പറഞ്ഞ് റോഡിൽ കൂട്ടത്തല്ല് നടത്തും.
രാമചന്ദ്രൻചേട്ടൻ എന്നെ നോക്കുന്നുണ്ട്. ഫണ്ട് പിരിവു കൊടുത്തിട്ടില്ല. പുള്ളിക്കാരൻ വിട്ടിൽ വളർത്തുന്ന പ്രാവിനുവരെ തീറ്റ കൊടുക്കുന്നത് പാർട്ടി ഫണ്ടിൽ നിന്നുമെടുത്തിട്ടാണ് .ഇന്നാള് ട്രെയിനില്‍നിന്നും തള്ളിയിട്ട് പെൺകുട്ടിയെ പീഢിപ്പിച്ചു കൊന്ന ആ തമിഴനെ രക്ഷിച്ചതും......ഈ പാർട്ടി ഫണ്ടിലെ കാശു തന്നെ. പീഢനം എന്ന വാക്കു തെറ്റാണെന്നാ കാഷ്യർ ഗിരിജ പറയുന്നത്. ലൈംഗീകാതിക്രമമെന്നു പറയണം. പുള്ളിക്കാരത്തി അജിതയുടെയാളാണ്. പഞ്ചാഗ്നി സിനിമ അജിതയുടെ കഥയാണെന്നും പറഞ്ഞ് പത്തു പ്രാവശ്യമാണ് കക്ഷി കണ്ടത്.
ഡ്യൂട്ടി കഴിഞ്ഞിറങ്ങി. പുറത്തുകണ്ട വണ്ടിക്കാരന്റെ കയ്യിൽനിന്നും ഒരു പൊതി കടല വാങ്ങി. കടല തരുമ്പോള്‍ അയാളുടെ കൈവിരലുകൾ എന്റെ കൈവിരലുകളിൽ മുട്ടി. ഗൌനിച്ചില്ല. വിരലുകൾക്ക് വിരലുകളോട് വിശേഷമെന്തെങ്കിലും പറയാനുണ്ടാവുമല്ലോ.
മോൾക്ക് ഒരു ബാഗ് വാങ്ങണം കരടിയുടെ രൂപമുള്ളത്. നാളെയാകട്ടെ. റോസ്സിലി മിസ്സ് പുറത്തു തന്നെ നില്‍പ്പുണ്ടാവും..രാവിലെ കൊടുത്തു വിട്ട ടിഫിൻ മൊത്തം മോളു കഴിച്ചിട്ടുണ്ടാവുമോ..പത്തു മിനിറ്റ് താമസിച്ചിരിക്കുന്നു. മോളെന്നെ കാണാതെ പേടിച്ചിരിക്കും. നടത്തതിന്റെ വേഗത കൂട്ടി. ഗേറ്റിൽ റോസ്സിലിമിസ്സും ദീപാമിസ്സും നില്‍പ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവർ പറഞ്ഞു. ”ശാലുമോളെ അവളുടെ ഡാഡി വന്നു കൊണ്ടു പോയല്ലോ”....അവളോട് യാത്രയും പറഞ്ഞു വിട്ടിലേക്ക് നടന്നു.
റോസ്സിലിമിസ്സ് ദീപാമിസ്സിനോട് പറഞ്ഞു “ശാലു മോളു മരിച്ചിട്ട് ആറുമാസം കഴിഞ്ഞു. ഇപ്പോഴും ആ അമ്മ ഇവിടെ വന്നിട്ടേ വിട്ടിൽ പോകൂ”